തുള്ളി നീലം …..ഹായ് റീഗല്‍ തുള്ളി നീലം ഹായ് ….വെണ്മയെത്രയോ ആഹാ …. വെണ്മയെത്രയോ ……ഹോ തുടങ്ങി പണ്ടാരടങ്ങാന്‍ …ഒന്നുറങ്ങാനും സമ്മതിക്കില്ല ശല്യങ്ങള്, പൊതപ്പു ഒന്നുകൂടി വലിച്ചിട്ടു ഞാന്‍ തലവഴി മൂടി.പാതിയുറക്കത്തിലും ആ തുള്ളിനീലം പാടുന്നവളെ ഞാന്‍ പ്രാകി .രാവിലെ ആ പരസ്യം കേള്‍ക്കുന്നത് തന്നെ എനിക്കു കലിപ്പാണ്. കാരണം മറ്റൊന്നുമല്ല തുള്ളി നീലത്തിനൊത്തു ഉമ്മയുടെ വിളിയുമുണ്ടാവും, നസ്രീ നസ്രീ …..ഓത്തിനു പോണ്ടേ …എണീറ്റ് റെഡിയാവ്…..നേരം വൈകി .രാവിലത്തെ ആ കുളിരില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടാന്‍ വല്ലാത്തൊരു സുഖമാണ് .ഉമ്മയുടെ ഒരു വിളിയേ കഴിഞ്ഞിട്ടു ഇനിയും രണ്ടു വിളികള്‍ ബാക്കിയുണ്ടല്ലോ എന്ന ധൈര്യത്തില്‍ ശരീരമൊന്നിളക്കി ഞാന്‍ വീണ്ടും ചെരിഞ്ഞു കിടന്നു .അല്ലെങ്കിലും നമ്മുടെ പിള്ളേരുടെ കാര്യം ഇത്തിരി കഷ്ടം തന്നെയാണു,നേരം വെളുക്കുമ്പോ എണീക്കണം ഓത്തിനു പോണം, പള്ളിക്കൂടത്തില്‍ പോണം. ആരാണാവോ ഇതൊക്കെ കണ്ടുപിടിച്ചതു? .പള്ളിക്കൂടത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്, അയ്യോ ഇന്നു തിങ്കളാഴ്ചയല്ലേ കണക്കു ക്ലാസുണ്ടല്ലോ ? രാഘവന് മാഷ് ഒരു ഹോംവര്‍ക് തന്നിരുന്നല്ലോ ല സാ ഗു ,ഉ സാ ഘ .. പടച്ചോനെ അത് ചെയ്തിട്ടുമില്ല വെള്ളിയാഴ്ച ബാഗ് കൊണ്ടു വെച്ചതാണ് തുറന്നു നോക്കിയിട്ടേയില്ല … ഇനിയിപ്പോ ഓത്തു കഴിഞ്ഞാല്‍ കഷ്ടിച്ച് ചായകുടിക്കാനേ സമയം കിട്ടൂ .കഴിഞ്ഞ കണക്കു ക്ലാസ്സില്‍ ല സാ ഗു, ഉ സാ ഘു ന്റെ നീര്‍ച്ചുഴിയില്‍ പെട്ട് ശ്വാസം കിട്ടാതെ പിടഞ്ഞതിന്റെ വിഷമം എനിക്കേ അറിയൂ..ഇനി ഒന്നുകൂടെ ഒരു പരീക്ഷണത്തിന് ഞാനില്ല തന്നെ. എന്താണെന്നറിയില്ല, വെള്ളിയാഴ്ച രാഘവന് മാഷ് ലസാഗു, ഉ സാ ഘ ക്ലാസ്സെടുക്കുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം ഞാന്‍ രാഘവന് മാഷിനെ തന്നെ ശ്രദ്ധിച്ചിരുന്നു .അതു മാഷ് ലസാഗു ഉസാഘ ഉച്ഛരിക്കുമ്പോള്‍ മാഷിന്റെ വലിയ വിടവുള്ള പല്ലുകള്‍ക്കിടയിലൂടെ വരുന്ന (സ) സ്വരത്തില്‍ ഒതുങ്ങിപ്പോയതു എന്റെ കുറ്റമാണോ ? രാഘവന് മാഷിനു സ്ഥലംമാറ്റം കിട്ടാന്‍ വേണ്ടി എത്ര പാരീസ് മുട്ടായിയും നാരങ്ങാമുട്ടായിയും വാങ്ങേണ്ട പത്തും, ഇരുപത്തഞ്ചു പൈസയുമാണ് കല്ലിങ്കാല്‍ പള്ളിക്കുമുമ്പിലുള്ള ഭണ്ഡാരത്തില് നിക്ഷേപിച്ചത്. ഞാന്‍ മാത്രമല്ലല്ലോ മേരിയും എത്ര മെഴുകുതിരികളാണ് മഠത്തിലെ പള്ളിയില്‍ കത്തിച്ചു കളഞ്ഞതു? അടിയുടേയും കിഴുക്കിന്റെ എണ്ണത്തില്‍ വര്ദ്ധനവുണ്ടായതല്ലാതെ വേറെ എന്തെങ്കിലും പ്രയോജനമുണ്ടായോ ?
നസ്രീ … എന്റെ റബ്ബേ ഇതുവരെ എണീറ്റില്ലേ …. മൂന്നാമത്തെ വിളിയാണ് ഇനി കിടക്കുന്നതു പന്തിയല്ല പുതപ്പുനീക്കി ഞാന്‍ ചാടിയെണീറ്റു കുളിമുറിയിലേക്കോടി … റെഡി ആയി വന്നപ്പോഴേക്കും അടുക്കളയില്‍ നിന്ന് ഉമ്മ കാലിവയറ്റില്‍ പോണ്ട കാലിച്ചായ കുടിച്ചു പോയാല്‍ മതീന്നു….ചായ കുടിച്ചെന്നു വരുത്തി മുഖമക്കന ഇട്ടോണ്ട് ഞാന്‍ പുറത്തേക്കോടി.
കുഞ്ഞിരാമേട്ടന് കടയുടെ മരപ്പലക മാറ്റാന്‍ തുടങ്ങിയിരിക്കുന്നു .അപ്പോള്‍ എന്തായാലും ബെല്ലടിച്ചു കാണും .ഇന്നു ഉസ്താദിന്റെ കൈയില്‍ നിന്ന് നല്ല ബീക്ക് കിട്ടിയതു തന്നെ .
പാത്തു ……നേരം വൈകിയാ? തൊടങ്ങി പാത്തൂന് വിളിക്കാന്‍ കുഞ്ഞിരാമേട്ടനോട് നൂറുവട്ടം പറഞ്ഞതാണ് എന്റെ പേര് പാത്തൂനല്ലെന്നു … എത്രപറഞ്ഞാലും അങ്ങനെയേ വിളിക്കു … ഇനി ഇയാളോട് കിന്നരിക്കാന്‍ തുടങ്ങിയാല്‍ നേരം പിന്നെയും വൈകും വിളി കേട്ടില്ലെന്നു നടിച്ചു ഞാന്‍ ധൃതിയില്‍ നടന്നു. അള്ളോ… വഴിയിലെങ്ങും ഒരു മക്കനകാരിയെയും കാണാനില്ലലോ ..റസിയയും നബീസുമൊക്കെ പോയിക്കണോ ? ഇതുങ്ങള്‍ക്കൊന്നും ഉറക്കവുമില്ലേ? കൂടെ ആരെങ്കിലും അടികൊള്ളാന്‍ ഉണ്ടെങ്കില്‍ അടിയുടെ വേദന അത്രയറിയില്ല .പ്രതീക്ഷയോടെ ഞാന്‍ വീണ്ടും പിന്നിലേക്ക് തിരിഞ്ഞു നോക്കി ആരെങ്കിലും വരുന്നുണ്ടോന്നു .ആരുമില്ല രാവിലെ വെറും വയറ്റില്‍ കുടിച്ച ചൂടു ചായ ഒന്നുകൂടി വയറിനുള്ളില്‍ ചൂടാവാന്‍ തുടങ്ങി .ഗേറ്റ് കടക്കുമ്പോള്‍ തന്നെ കണ്ടതു അങ്ങിങ്ങായി കുട്ടികള്‍ വലിച്ചെറിഞ്ഞ മിഠായിക്കടലാസും മറ്റും പെറുക്കിക്കളയുന്ന പള്ളി അയ്മുച്ചയെയാണ് .നല്ല വെളുത്ത നിറവും പൂച്ചകണ്ണുകളുള്ള അയ്മുച്ചയെ ഞങ്ങള്‍ കുട്ടികള്‍ക്കൊക്കെ വല്യ പേടിയാണ് .അയാളെ പള്ളിപ്പരിസരത്തു എപ്പൊഴും കാണാം. അയാളെ കണ്ടപ്പോള്‍ ഉസ്താദ് കുറച്ചു ദിവസം മുമ്പ് പഠിപ്പിച്ച പാഠഭാഗമാണ് എനിക്കു ഓര്‍മവന്നത് അതായതു ,(നടപ്പാതയിലും വഴിയരികിലുമൊക്കെ നമ്മള് ചപ്പു ചവറുകള്‍ വലിച്ചെറിയാന്‍ പാടില്ല ഉണ്ടെങ്കില്‍ തന്നെ അതു നമ്മളതു മാറ്റാന്‍ ശ്രദ്ധിക്കണം. നമ്മുടെ പ്രവാചകന് മുഹമ്മദു നബി (സ )എപ്പൊഴും അങ്ങനെയുള്ള സത്പ്രവൃത്തികള്‍ ചെയ്യുന്ന ഒരാളായിരുന്നു .എന്റെ കാലൊച്ച കേട്ടിട്ടാവണം കുനിഞ്ഞു കൊണ്ടുതന്നെ മുഖം തിരിച്ചു എന്നെയൊന്നു നോക്കി പേടിച്ചു ഞാന്‍ പെട്ടെന്നു മുഖം തിരിച്ചുകളഞ്ഞു .പുറത്തെങ്ങും ആരെയും കാണാനില്ല .ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ അലിഫ് ബ …. ചൊല്ലാന്‍ തുടങ്ങിയിരിക്കുന്നു …ജാലകത്തിലൂടെ ബുഷ്റ എന്നെ കണ്ടെന്നു തോനുന്നു അവള് റസിയയുടെ കാതില്‍ എന്തോ മന്ത്രിച്ചു. പേടികൊണ്ടു മുട്ടുകള്‍ കുട്ടിയിടിക്കാന് തുടങ്ങി …ഞാന്‍ എന്നെ പകുതി കാണത്തക്ക വിധത്തില്‍ ഭിത്തിയോട് ചേര്‍ന്നു നിന്നു.ദാ… ഉസ്താദേ. സാറ പുറത്തേക്കു എന്റെ നേര്‍ക്കു വിരല്‍ചൂണ്ടി. ഉസ്താദ് എന്റെ നേര്‍ക്കു മുഖം തിരിച്ചപ്പോള്‍ ഞാന്‍ പിന്നെയും പിന്നിലോട്ടു നീങ്ങി …
ഇബടെ ….ദാ…… ബിടെ…ഉസ്താദ് വടിമേശയിലടിച്ചു …..ഇങ്ങട്… ബാ….ഉസ്താദ് അകത്തു കയറാന്‍ വടികൊണ്ട് ആഗ്യം കാണിച്ചു. ഞാന്‍ മുഖമക്കനയുടെ തെല്ലു വായിലിട്ടുകൊണ്ടു മെല്ലെ അകത്തേക്കു കയറി …ഇങ്ങട് നോക്കു…. ദാ ഇബടെ … ജ്ജ് …. ന്താത്ര താമസിച്ചേ …. ചായ കുടിച്ചിക്കാ….?ഞാന്‍ തലയാട്ടി …ഇജ്ജ് ചായക്ക് കടി കൂട്ടിക്കണാ? ഇല്ലെന്നു ഞാന്‍ തലയനക്കി .
ന്താ… അന്റെ ഉമ്മ അനക്ക് കടിയൊന്നും തന്നിക്കില്ലേ…..? ന്നാ…ജ്ജ് വെസമിക്കേണ്ട … നല്ല മധുരമുള്ള കടി ഞാന്‍ തരാം ….കടി എന്നു കേട്ടപ്പോള്‍ തന്നെ ശരീരമാകെ ഒരു വിറയല്‍ പടര്‍ന്നു.ഈ വയറന്‍ മൊയ്ലാര് മധുരമുള്ള കടി എന്നുദ്ദേശിച്ചതു അടിതരാനായിരിക്കും ഞാന്‍ മനസ്സില്‍ പറഞ്ഞു . ജ്ജെന്താ ……കിനാവു കാണാ ? .ജ്ജ് കൈ നീട്ടു…. ?ചുടല്ലാഞ്ഞിട്ടു കൂടി ഞാന്‍ വിയര്‍ത്തു ..ഞാന്‍ വിറയലോടെ കൈ നീട്ടി ഒരു കണ്ണ് ഇറുക്കിയടച്ചു മറ്റേ കണ്ണു തുറന്നു പിടിച്ചു …..ദാ പിടിച്ചോ കടി എന്ന് പറഞ്ഞു തീരും മുമ്പേ അടി വീണു .നല്ലോണം വേദനിച്ചെങ്കിലും ഞാന്‍ കരച്ചില് കടിച്ചമര്‍ത്തി …ഉസ്താദിന്റെ കടിയേക്കാളും വേദനിച്ചതു റസിയയുടെയും, സാറായുടെയും നബീസൂന്റെയും മുഖത്തു വിരിഞ്ഞ ചിരിയാണ്..
എഴുതിയത് : നസ്രിന് എ ജെ