Monday , June 27 2022
Breaking News

സ്തനാര്‍ബുദത്തെ പേടിക്കേണ്ട: 30 ശതമാനവും പ്രതിരോധിക്കാം

healthസ്തനാര്‍ബുദം സ്ത്രീകളുടെ പേടിസ്വപ്നമാണ്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാന്‍സറാണിത്. പ്രത്യേകിച്ച് ആര്‍ത്തവ വിരാമം വന്നവരില്‍ രോഗനിരക്ക് മുന്‍ വര്‍ഷങ്ങളില്‍ കൂടിവന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആഗോള തലത്തില്‍ 2012ല്‍ 17 ലക്ഷത്തോളം പേര്‍ക്ക് സ്തനാര്‍ബുദം പുതുതായി കണ്ടുപിടിച്ചു. രോഗം ബാധിച്ച 5 ലക്ഷം പേര്‍ ഇക്കാലയളവില്‍ മരിച്ചു. ഇന്ത്യയില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് 2012ല്‍ രോഗം പുതുതായി കണ്ടെത്തിയത്. മരണം 55,000.
സ്തനാര്‍ബുദ നിരക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിന് 93 പേര്‍ എന്ന കണക്കില്‍ വരുമ്പോള്‍ ഏഷ്യയിലും ആഫ്രിക്കയിലും 32 ആയി കുറഞ്ഞ് നില്‍ക്കുന്നു. ഇത് നമുക്ക് തെല്ല് ആശ്വാസം തരുന്നു. ജീവിത രീതിയിലുള്ള പ്രത്യേകതകളാകാം ഈ വ്യത്യാസത്തിന് കാരണം. അതേസമയം, ആര്‍ത്തവ വിരാമം വന്നവരില്‍ സ്തനാര്‍ബുദ വര്‍ദ്ധന ഉണ്ടാകുന്നതായി അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
വളരെ നേരത്തേയുള്ള രോഗ നിര്‍ണയവും ശരിയായ ചികിത്സയും രോഗം ഭേദപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. എന്നാല്‍, രോഗം വരാതിരിക്കുക എന്നതിലാവണം നമ്മുടെ ശ്രദ്ധ. അതിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
ഏകദേശം മൂന്നിലൊന്ന് സ്തനാര്‍ബുദങ്ങളും പ്രതിരോധിക്കാന്‍ സാധിക്കും എന്നത് ആശയ്ക്ക് വഴിവയ്ക്കുന്നു. സ്തനാര്‍ബുദം ഉണ്ടാകുന്നതിന്റെ മുഴുവന്‍ കാരണങ്ങളും നമുക്ക് അറിയില്ല. എന്നാല്‍ അതിലേക്ക് വഴിതെളിക്കുന്ന സുപ്രധാന ഘടകങ്ങളെക്കുറിച്ചുള്ള അറിവ് രോഗത്തിന്റെ പ്രതിരോധത്തിന് വളരെ സഹായകമാവും.
ശരീര ഭാരം
അമിത ശരീരഭാരം സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ ശേഷം ശരീര ഭാരത്തിലുള്ള വര്‍ദ്ധന (20 കിലോയോ അതില്‍ കൂടുതലോ) രോഗ സാധ്യത ഇരട്ടിയാക്കുന്നു. ഈ വര്‍ദ്ധന മറ്റ് രോഗങ്ങളായ ഡയബറ്റിസ്, ഹൃദ്രോഗം, കുടല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാക്കുന്നു. ആരോഗ്യകരമായ രീതിയിലുള്ള ശരീരഭാരം ആര്‍ത്തവ വിരാമത്തിന് മുന്‍പും പിന്‍പും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയും. മുലയൂട്ടുന്നതും മുപ്പത് വയസ്സിന് മുന്‍പുള്ള ആദ്യത്തെ ഗര്‍ഭധാരണവും രോഗസാധ്യത കുറയ്ക്കും.
വ്യായാമം
ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 3040 മിനിട്ട് നീണ്ടുനില്‍ക്കുന്ന ശാരീരിക വ്യായാമം ചെയ്യണം. ഇത് സ്തനാര്‍ബുദ സാധ്യത മൂന്ന് ശതമാനത്തോളം കുറയ്ക്കും. വ്യായാമം, സ്ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറച്ചു കൊണ്ടുവരുന്നതിനാലാണിത്. കൃത്യമായ ശരീരഭാരം ഉള്ളവര്‍ക്കാണ് വ്യായാമം കൊണ്ടുള്ള പ്രയോജനം കൂടുതല്‍ കിട്ടുന്നത്.
ആഹാര രീതി
നാര് കൂടുതലുള്ള ആഹാരവും മത്സ്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്തനാര്‍ബുദ സാധ്യത 25 ശതമാനം വരെ കുറയ്ക്കും. ചുവന്ന മാംസം (പശു, പന്നി, ആട്, കാള, പോത്ത് തുടങ്ങിയവയുടെ) ആഹാരത്തില്‍ ഉള്‍പ്പെടുത്താതെ സൂക്ഷിക്കണം.
സോയാബീന്‍ അത്യുത്തമം
സോയാബീനില്‍ അടങ്ങിയിരിക്കുന്ന ഐസോ ഫ്‌ളവാനോസ് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. 170 മില്ലി സോയാ പാലില്‍ നിന്ന് ആവശ്യത്തിനുള്ള 10 മില്ലി ഐസോ ഫ്‌ളവാനോസ് ലഭിക്കും. സോയയുടെ ഏറ്റവും കൂടുതല്‍ പ്രയോജനം ഏഷ്യയില്‍ നിന്നുള്ള സ്ത്രീകളിലാണെന്നത് നമുക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന കണ്ടുപിടിത്തമാണ്. സ്തനത്തിലുള്ള കോശങ്ങളുടെ ശരിയായ രൂപവത്കരണത്തിന് സോയയുടെ പ്രോട്ടീന്‍ വളരെയധികം സഹായിക്കും. കുട്ടിക്കാലത്തുതന്നെ സോയ ഉള്‍പ്പെടുത്തിയ ആഹാര രീതി തുടങ്ങിവയ്ക്കുന്നത് സ്തനത്തിന്റെ ആരോഗ്യത്തിന് വളരെ സഹായിക്കും.
പുകവലി
പുകവലിക്കുന്ന കൗമാരക്കാരികളിലും യുവതികളിലും ആര്‍ത്തവ വിരാമത്തിനു മുമ്പ് രോഗം വരാനുള്ള സാധ്യത കൂട്ടാം.
മരുന്നുകൊണ്ടുള്ള പ്രതിരോധം
സ്തനാര്‍ബുദം വരാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് ചില മരുന്നുകള്‍ പ്രയോജനകരമാകാം. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ പ്രവര്‍ത്തനം തടയാന്‍ സഹായിക്കുന്ന പല മരുന്നുകളും ഇന്ന് ലഭ്യമാണ്. പക്ഷേ, ഈ മരുന്നു കൊണ്ടുണ്ടാകാവുന്ന പാര്‍ശ്വ ഫലങ്ങളെപ്പറ്റിയുള്ള അറിവ് അവര്‍ക്ക് ഉണ്ടായിരിക്കണം. പല കാരണങ്ങളാല്‍ മരുന്നു കൊണ്ടുള്ള പ്രതിരോധത്തിന് ജനങ്ങള്‍ക്കിടയില്‍ അത്ര സ്വീകാര്യത ഇപ്പോള്‍ വന്നിട്ടില്ല.
നേരത്തേയുള്ള ശസ്ത്രക്രിയ
തകരാറുള്ള ബിആര്‍സിഎ1, ബിആര്‍സിഎ2 ജീനുകള്‍ ഉള്ള സ്ത്രീകള്‍ക്ക് രോഗസാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവര്‍ക്ക് രോഗം വരുന്നതിനു മുന്‍പുതന്നെ ശസ്ത്രക്രിയയിലൂടെ സ്തനങ്ങള്‍ മുറിച്ചുകളയുകയാണ് ഒരു മാര്‍ഗം. ഹോളിവുഡ് നടി അഞ്ജലീന ജോളി ഇതേ മാര്‍ഗം സ്വീകരിച്ച് അടുത്തകാലത്ത് വാര്‍ത്തയായത് ഇവിടെ ഓര്‍ക്കാം.
എന്താണ് നാം ചെയ്യേണ്ടത്?
70 ശതമാനം സ്തനാര്‍ബുദവും ആര്‍ത്തവ വിരാമത്തിന് ശേഷമാണ് കാണുന്നത്. ബാക്കിയുള്ള 30 ശതമാനം അതിനു മുന്‍പും. സ്തനാര്‍ബുദം വരാനുള്ള കാരണങ്ങളുടെ പ്രവര്‍ത്തനം വളരെ കുട്ടിക്കാലത്തു തന്നെ തുടങ്ങുന്നു എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഋതുമതിയാകുന്നതിനും ആദ്യത്തെ ഗര്‍ഭധാരണത്തിനും ഇടയിലുള്ള കാലയളവ് സ്തനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ശരിയായ ആഹാര രീതി, വ്യായാമം, ആരോഗ്യകരമായ ഭാരം, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഇല്ലാതിരിക്കല്‍ എന്നീ കാര്യങ്ങള്‍ കൗമാര പ്രായത്തില്‍ത്തന്നെ ശ്രദ്ധിച്ചാല്‍ സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യതകള്‍ 30 ശതമാനത്തോളം കുറയ്ക്കാം.
ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക

  •  പൊണ്ണത്തടിയും അമിത ശരീരഭാരവും ഒഴിവാക്കുക.
  •  മദ്യപാനം, പുകവലി എന്നിവ തുടങ്ങാതിരിക്കുക
  •  ദിവസം 3040 മിനിട്ടു വെച്ച് ആഴ്ചയില്‍ 5 ദിവസം വ്യായാമം ചെയ്യുക.
  • ചുവന്ന മാംസം ഒഴിവാക്കുക
  •  നാരുള്ള ഭക്ഷണം, തവിടുള്ള ധാന്യം, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
  •  സോയാ പ്രോട്ടീന്‍ ഉപയോഗിക്കുക
  •  നേരത്തേയുള്ള ഗര്‍ഭധാരണവും മുലയൂട്ടലും
  •  കൂടുതല്‍ അപകട സാധ്യതയുള്ളവര്‍ക്ക് മരുന്നുകൊണ്ടുള്ള പ്രതിരോധം
  •  നേരത്തേയുള്ള ശസ്ത്രക്രിയ

RANDOM NEWS

മാനസിക രോഗങ്ങള്‍: സത്യവും മിഥ്യയും

മാനസികരോഗം എന്ന് കേള്‍ക്കുമ്പോഴേ മുഖംതിരിക്കുന്ന, പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തിന്റെ ഈ നിലപാടുമൂലം മാനസികരോഗമുള്ളവരും അവരുടെ …