തിരുവനന്തപുരം: രാജ്യത്തിന്റെ മുഖ്യശത്രു ബി.ജെ.പിയും സംഘപരിവാറും തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബി.ജെ.പിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്താന്‍ തയ്യാറുള്ള എല്ലാവരെയും ഒന്നിപ്പിക്കണം. അതിന് എന്ത് നിലപാടെടുക്കണം എന്നതാവും സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുകയെന്നും കാനം രാജേന്ദ്രന് പറഞ്ഞു. കാട്ടാക്കടയില്‍ സി.പി.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.
യോജിപ്പിന്റെയും ഐക്യത്തിന്റെയും പുതിയ സാഹചര്യം ഉയര്‍ന്ന് വരണം. അതിന് ഇടതുപക്ഷം തന്നെ മുന്‍കൈയെടുക്കണം. അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ പാര്‍ട്ടി പിളരല്‍ എന്ന നിലപാടിലേക്ക് പോവരുത്. ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ പുതിയ സാഹചര്യത്തെ കണ്ണ് തുറന്ന് കാണണമെന്നും കാനം രാജേന്ദ്രന് പറഞ്ഞു. മോദി ഭരണത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ വിലയിരുത്തുമ്പോള്‍ ആരാണ് മുഖ്യശത്രുവെന്നകാര്യത്തില് ധാരണയിലെത്തണം. അങ്ങനെ
ധാരണയിലെത്തിയില്ലെങ്കില്‍ പരാജയമായിരിക്കും ഫലമെന്നും കാനം ചൂണ്ടിക്കാട്ടി.
മുഖ്യശത്രുവിനെതിരായുള്ള പോരാട്ടത്തില്‍ യോജിപ്പിക്കാന്‍ പറ്റുന്ന എല്ലാവരുടെയും ഒരു പൊതുവേദി രൂപീകരിച്ച് ചെറുത്ത് നില്‍പ്പിന്റെ പുതിയ രാഷ്ട്രീയം ഉണ്ടാക്കണം. എല്‍.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചുവരമെന്നാണ് മുന്നണിയുടെ നിലപാട്. അതിന്റെ ഭാഗമായാണ് ജനതാദള്‍ എസ് മുന്നണിയിലേക്ക് വന്നത്. എന്നാല്‍ വാതിലൊന്ന് തുറന്ന് കൊടുത്തപ്പോള്‍ അതിന്റെയുള്ളില്കൂടി കടന്ന് കയറാന്‍ ചിലര്‍ ശ്രമിക്കുകയാണ്.
അന്ത്യാകൂതാശ കാത്ത് കഴിയുന്ന ചില പാര്‍ട്ടികള്‍ക്ക് വെന്റിലേറ്ററാകേണ്ട ഒരു കാര്യവും എല്‍.ഡി.എഫിനില്ലെന്നും കേരളകോണ്‍ഗ്രസ് എമ്മിനെ ഉദ്ദേശിച്ചുകൊണ്ട് കാനം പറഞ്ഞു.