കാസര്‍കോട് : സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയിലും പൂര്‍ണ്ണം. നാലു താലൂക്കുകളിലും പണിമുടക്ക് ജനജീവിതത്തെ സ്തംഭിപ്പിച്ചു. സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലും ഷെഡ്യൂളുകള്‍ മുടങ്ങി. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്.ടി.സി ബസുകളും വ്യാഴാഴ്ച രാത്രി മുതല്‍ കാസര്‍കോട്ടേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. ഇരു കെ.എസ്ആര്‍.ടി.സികളുടെ ദീര്‍ഘദൂര ബസുകളുടെ സര്‍വീസും നിലച്ചു. ഓട്ടോ റിക്ഷകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ഇരുചക്രവാഹനങ്ങളും അങ്ങിങ്ങ് ഓടി. കാസര്‍കോട്, കാഞ്ഞങ്ങാട് ടൗണുകള്‍ വിജനമായി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗം പേരും ജോലിക്കെത്തിയില്ല. ട്രെയിനുകളിലും യാത്രക്കാര്‍ കുറവാണ്. സ്കൂള്‍ പ്രവര്‍ത്തനവും മുടങ്ങി.
കാസര്‍കോട് നഗരത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി. ഒപ്പുമരച്ചോട്ടില്‍ നടന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി. രാഘവന് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ആര്. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ടികെ രാജന് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് സിഎച്ച് കുഞ്ഞമ്പു, ടി കൃഷ്ണന്, കരിവെള്ളൂര്‍ വിജയന്, കെ ഭാസ്കരന്, അഷ്റഫ് എടനീര്‍, ഷാഹുല്‍ ഹമീദ്, ഭുവന ചന്ദ്രന് നേതൃത്വം നല്കി.
കാഞ്ഞങ്ങാട്ട് പ്രകടത്തിന് ശേഷം കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് ാെതഴിലാളികളുടെ കൂട്ടധര്‍ണ നടന്നു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ നാരായണന് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് പി അപ്പുകുട്ടന്‍, ബിവി പ്രസന്നകുമാരി, കാറ്റാടി കുമാരന്, പിപി രാജു, കെവി കൃഷ്ണന്, എ ദാമോദരന്‍, ബി ബാബുരാജു, അസീസ് കടപ്പുറം, ബാലകൃഷ്ണന് നേതൃത്വം നല്കി.
പത്രം, പാല്, ആശുപത്രി, വിവാഹം, ആംബുലന്‍സ്, അഗ്നിശമന സേന തുടങ്ങിയവയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എല്ലാ തൊഴിലാളിയൂണിയനുകളും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നതെങ്കിലും കഴിഞ്ഞദിവസം ബി.എം.എസ്. ഇതില്‍നിന്ന് പിന്മാറിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് മിനിമം വേതനം ഉയര്‍ത്താന്‍ ധാരണയായതിനെത്തുടര്ന്നായിരുന്നു ബി.എം. എസിന്റെ പിന്മാറ്റം.