തായലങ്ങാടി: ലോകോത്തര ക്രിക്കറ്ററും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീനും രഞ്ജി ക്രിക്കറ്റില്‍ മിന്നും പ്രകടനത്തിലൂടെ കേരളത്തിന്റെ ഓമനയായി തീര്‍ന്ന തളങ്കര കടവത്ത് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനും ആവേശത്തിന്റെ അലകളുയര്‍ത്തി ഒരേ വേദിയില്‍. അസ്ഹറുദ്ദീന്റെ വരവ് തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം തടിച്ചുകൂടിയ ആരാധകരെ ഇളക്കിമറിച്ചു.
യഫാ തായലങ്ങാടി സംഘടിപ്പിച്ച ജേഴ്സി പ്രകാശന ചടങ്ങിലായിരുന്നു അസ്ഹറുദ്ദീന്മാരുടെ സംഗമം. യഫയുടെ നീല നിറത്തിലുള്ള ജേഴ്സി ‘ബഡാ’ അസ്ഹറുദ്ദീന് ബി.കെ സമീറിന് കൈമാറി പ്രകാശനം ചെയ്തു. ‘ചിന്ന’ അസ്ഹറുദ്ദീനെ അദ്ദേഹം ഷാളണിയിക്കുകയും അനുമോദിക്കുകയും ചെയ്തു.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ റെക്കോര്‍ഡുകള്‍ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുകയും നിരവധി മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ കാണാന്‍ ഡിസംബറിന്റെ തണുപ്പിനെ വകവെക്കാതെ നൂറുകണക്കിന് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. എട്ടര മണിയോടെ എത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ പതിനൊന്ന് മണി കഴിഞ്ഞിട്ടും എല്ലാവരും കാത്തിരുന്നു. 11.10ഓടെ വാഹനങ്ങളുടെ അകമ്പടിയോടെ അസ്ഹറുദ്ദീന് എത്തിയപ്പോള്‍ ആരവങ്ങളുയര്‍ന്നു. ജീന്‍സും വെള്ള ടീ ഷര്‍ട്ടും ധരിച്ച പ്രിയതാരം കാറില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും ആരാധകര്‍ പൊതിഞ്ഞു. ടവര്‍ ക്ലോക്കിന് സമീപം ഒരുക്കിയ വേദിയിലേക്ക് അദ്ദേഹത്തെ കയറ്റാന്‍ സംഘാടകര്‍ ഏറെ സാഹസപ്പെട്ടു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ അസ്ഹറുദ്ദീന് ഒരു മാറ്റവുമില്ലായിരുന്നു. തന്റെ പതിവുശൈലിയില്‍ വേദിയിലേക്ക് ചാടിക്കയറി ആരാധകര്‍ക്കുനേരെ കൈവീശിയപ്പോള്‍ അവിടെ തടിച്ചുകൂടിയവര്‍ ആവേശത്തോടെ പ്രത്യഭിവാദ്യം ചെയ്തു. മുന്‍ നഗരസഭാംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സി.പി ഹമീദ്, മൊയ്തീന് കമ്പിളി, ഹനീഫ്, സമീര്‍ ബി.കെ എന്നിവര്‍ ചേര്‍ന്ന് അസ്ഹറുദ്ദീനെ പൂക്കൂട നല്കി സ്വീകരിച്ചു. കെ.എം ഹാരിസ് മുഹമ്മദ് അസ്ഹറുദ്ദീനെ ഷാളണിയിച്ചു. ടി.എ ഷാഫി രഞ്ജിതാരം അസ്ഹറുദ്ദീനെ മുഹമ്മദ് അസ്ഹറുദ്ദീന് പരിചയപ്പെടുത്തി. യഫാ തായലങ്ങാടിയുടെ പ്രസിഡണ്ട് ഗഫൂര്‍ മാളിക, അജീര്‍, മുജീബ് തായലങ്ങാടി, നിയാസ്, നാസര്‍ കുട്രു, നൗഷാദ് ബായിക്കര, നാസിര്‍, ശിഹാബ്, അനു തായലങ്ങാടി, മുജീബ്, അബ്ദുല്ല കൊച്ചി, ഷംസീര്‍, ഷാന്‍ഫര്‍, ഹസൈന് തായലങ്ങാടി, ഇര്‍ഷാദ് ഭൂട്ടോ, റിയാസ്, ഷിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്ഹറുദ്ദീനെ സ്വീകരിക്കാന്‍ വിവിധ ക്ലബ്ബ് പ്രവര്‍ത്തകരും എത്തിയിരുന്നു. അസ്ഹറുദ്ദീനെ ബാന്റ് മേളത്തിന്റെയും പടക്കത്തിന്റെയും അകമ്പടിയോടെയാണ് വരവേറ്റത്.
തളങ്കരയില്‍ പരേതനായ തൊട്ടിയില്‍ മാമുഹാജിയുടെ മകന് മുഹമ്മദ് അസ്ലമിന്റെ വിവാഹത്തില്‍ പങ്കെടുത്താണ് അസ്ഹറുദ്ദീന് മടങ്ങിയത്.
