ബേഡകം : സിപിഎമ്മും ഐഎന്‍എല്ലും കഴിഞ്ഞ തവണ മത്സരിച്ച ഓരോ സീറ്റുകള്‍ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് (എം), എല്‍ജെഡി പാര്‍ട്ടികള്‍ക്കു വിട്ടു നല്‍കിയതോടെ ജില്ലാ പ!ഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐ കഴിഞ്ഞ തവണ മത്സരിച്ച 3 സീറ്റില്‍ തന്നെ ഇത്തവണയും മത്സരിക്കും.
ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളില്‍ ഒന്‍പതില്‍ സിപിഎമ്മും മൂന്നില്‍ സിപിഐയും രണ്ടില്‍ ഐഎന്‍എല്ലും കേരള കോണ്‍ഗ്രസ് (എം) എല്‍ജെഡി എന്നിവര്‍ ഓരോ സീറ്റുകളിലുമാണു മത്സരിക്കുന്നത്. ചിറ്റാരിക്കാലില്‍ പ്രാദേശിക കക്ഷിയായ ഡിഡിഎഫ് സ്ഥാനാര്‍ഥിക്കു പിന്തുണ നല്‍കുമെന്ന്
എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ്ചന്ദ്രന് അറിയിച്ചു. ചെറുവത്തൂര്‍, കരിന്തളം, മടിക്കൈ ,പെരിയ, ദേലമ്പാടി, പുത്തിഗ, കുമ്പള ,മഞ്ചേശ്വരം, ചെങ്കള ഡിവിഷനുകളിലാണ് സിപിഎം മത്സരിക്കുന്നത്.
ബേഡകം, വോര്‍ക്കാടി,എടനീര്‍ ഡിവിഷനുകള്‍ സിപിഐക്കാണ്. ഐഎന്‍എല്ലിനു ഉദുമ, സിവില്‍ സ്റ്റേഷന് ഡിവിഷനുകളാണ്. ഐഎന്‍എല്‍ കഴിഞ്ഞ തവണ മത്സരിച്ച ചെങ്കളയില്‍ സിപിഎം സ്ഥാനാര്‍ഥിയാണ് ഇത്തവണ മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന നേതാവുമായി ഇ.പത്മാവതി വിജയിച്ച കള്ളാര്‍ ഡിവിഷന് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയാണു കേരള കോണ്‍ഗ്രസിനോട് സിപിഎം സ്നേഹ വാത്സല്യം കാട്ടിയത്.
സിപിഎം മത്സരിച്ചിരുന്ന പിലിക്കോട് ഡിവിഷന് എല്‍ജെഡിക്കാണ്. കഴിഞ്ഞ തവണ യുഡിഎഫിനോടൊപ്പമായിരുന്ന കേരള കോണ്‍ഗ്രസ് (എം) എല്‍ജെഡി പാര്‍ട്ടികള്‍ ഇത്തവണ എല്‍ഡിഎഫിലെത്തിയതോടെ സീറ്റുകളുടെ എണ്ണത്തില്‍ നഷ്ടം സഹിച്ചത് സിപിഎമ്മിനു പിന്നാലെ ഐഎന്‍എല്ലുമാണ്.