വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. സൂപ്പര്‍ ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഒരു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. ടിം സെയ്ഫേര്‍ട്ടും സ്കോട്ട് കുഗ്ലെയ്നുമാണ് കിവീസിനായി ഓപ്പണ്‍ ചെയ്തത്. മറുപടിയായി ടിം സൗത്തിയുടെ ആദ്യ രണ്ടു പന്തില്‍ ഒരു സിക്സും ഫോറുമടക്കം 10 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ അടുത്ത പന്തില്‍ പുറത്തായി. അഞ്ചാം പന്തില്‍ ഫോറടിച്ച് ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
രാഹുല്‍ പുറത്തായപ്പോള്‍ കോലിക്കൊപ്പം ക്രീസിലെത്തിയത് സഞ്ജു സാംസണായിരുന്നു.
ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ ഇന്ത്യ പരമ്പരയില്‍ 40 ന് മുന്നിലെത്തി. നേരത്തെ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരവും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടു.