കാസര്‍കോട് : കോവിഡ് പ്രതിരോധത്തില്‍ ഭാഗമാകേണ്ട ചില സ്വകാര്യ ആശുപത്രികള്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നതായി ആരോഗ്യ വകുപ്പ്. കാസര്‍കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ബീഡി കരാര്‍ തൊഴിലാളി കഴിഞ്ഞ 26 ന് മരിച്ചിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവാവുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അണുവിമുക്തമാക്കാനായി അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചെങ്കിലും ഇവര്‍ അടച്ചില്ല. നിരീക്ഷണത്തില്‍ കഴിയുന്ന ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് ജോലി എടുപ്പിക്കുന്നതായും ആരോഗ്യ വകുപ്പിന് പരാതി കിട്ടി. ഒന്നിലധികം തവണ പൊലീസും ആരോഗ്യ വകുപ്പും ആശുപത്രി മാനേജ്മെന്റിനോട് ജാഗ്രത
പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പാലിച്ചില്ലെന്നാണ് പറയുന്നത്. പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
അതേ സമയം നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രി കോവിഡ് രോഗലക്ഷണമുള്ള ആളെ ഓട്ടോയില്‍ ആന്റിജന്‍ പരിശോധനയ്ക്ക്
അയച്ച വിവരവും ആരോഗ്യ വകുപ്പിന് കിട്ടി. ഇയാള്‍ക്ക് പിന്നീട് കോവിഡ് പോസിറ്റീവാകുകയും ചെയ്തു. എന്നാല്‍ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതോടെ ഈ രോഗിയെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു വിടുകയായിരുന്നു.