പി സനൂപ് എഴുതുന്നു
”അധ്യാപനജീവിതത്തിലെ രണ്ടനുഭവങ്ങളാണ്. ഒരു ദിവസം ഇന്റെര്ണല് പരീക്ഷയ്ക്ക് ശേഷം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എന്റെ മുന്നിലെത്തി. അവര്‍ക്ക് ഒരു പരാതി ബോധിപ്പിക്കാനുണ്ടായിരുന്നു. ക്ലാസ്സിലെ മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ പ്രസ്തുത പരീക്ഷയുടെ ഉത്തരങ്ങള്‍ വീട്ടില്‍ വെച്ച് തന്നെ എഴുതി, ആ പേപ്പര്‍ ആണ് എനിക്ക് സമര്‍പ്പിച്ചത് എന്നതായിരുന്നു ആ പരാതി. ആരോപണം എത്രത്തോളം സത്യസന്ധമാണ് എന്നുറപ്പില്ലെങ്കിലും ആരോപണ വിധേയരെ വിളിച്ചു വരുത്തി. അവര്‍ കുറ്റം നിഷേധിക്കുകയും ആരോപണം ഉന്നയിച്ച വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മുന്‍പ് കോപ്പി അടിച്ചവരാണെന്നു പറയുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ കുറ്റം ചെയ്യാത്തവരില്ല കുട്ടികളില്‍ എന്നവസ്ഥ ആയി. ഒരധ്യാപകനെ സംബന്ധിച്ചിടത്തോളം അവന്റെ ഈഗോയെ മുറിവേല്‍പ്പിക്കാന്‍ ഇതില്‍പ്പരം മറ്റൊന്നും വേണ്ട. അങ്ങേയറ്റത്തെ ഈഗോയുള്ള എന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ എന്ത് കൊണ്ടോ കുട്ടികളോട് ഇനി ഇങ്ങനെ ചെയ്യരുതെന്ന് ശാന്തമായി പറയാനാണ് അന്ന് തോന്നിയത്. ഇന്ന് ആ നിലപാടില്‍ അഭിമാനം തോന്നുന്നു. പരീക്ഷകള്‍ക് ഓര്മ പരിശോധന എന്നതിന്റെ അപ്പുറത്തെ യാതൊരു പ്രാധാന്യവും ഇല്ലെന്ന തോന്നലും അന്ന് രൂക്ഷമായി വാക്കുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മുറിപ്പെടുന്ന ഒരുപാട് മനസുകള്‍ അതില്‍ നിന്നും രക്ഷപ്പെട്ടു എന്നതും തന്നെ കാരണം. അടുത്ത സംഭവം നടക്കുന്നത് അടുത്തിടെയാണ്. സ്ക്രൈബിന്റെ സഹായത്തോടെ മാത്രം പരീക്ഷയെഴുതാന്‍ സാധിക്കുന്ന ഒരു അന്ധവിദ്യാര്ത്ഥിയാണ് ഈ കേസിലെ ‘പ്രതി’.പരീക്ഷക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്നതായിരുന്നു അവന് നേരിട്ട ആരോപണം. തൊണ്ടിമുതലായ മൊബൈല്‍ ഫോണും ഉത്തരക്കടലാസും പിടിച്ചെടുക്കപ്പെട്ടു. ‘കേസിന്റെ’ വിചാരണ ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ തൊണ്ടി മുതലുകള്‍ കുറ്റാരോപിതന് ഇനിയും തിരികെ ലഭിച്ചിട്ടില്ല. അടുത്തിടെ അവനെ കണ്ടപ്പോള്‍ പുതിയ മൊബൈല്‍ വാങ്ങിയോ എന്നന്വേഷിച്ചു. അവന് പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ‘മൊബൈല്‍ പുതിയത് വാങ്ങാം മാഷേ. പക്ഷേ അവര്‍ പിടിച്ച എന്റെ മൊബൈലിലെ മെമ്മറി കാര്‍ഡില്‍ ഞാന്‍ വര്‍ഷങ്ങളായി സമാഹരിച്ച ഓഡിയോ സ്റ്റഡി മെറ്റീരിയലുകള്‍ ഉണ്ട്. അതെനിക്ക് ഇനിയെന്നാണ് കിട്ടുക ‘.ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക് പഠിക്കാനുള്ള പഠന സാമഗ്രികള്‍ നല്‍കാത്ത വിദ്യാഭ്യാസ സമ്പ്രദായം ആണ് അവരുടെ ചെറിയ തെറ്റുകള്‍ പര്വതീകരിക്കാന് ശ്രമിക്കുന്നത്! ഇത്രയും പറഞ്ഞത് കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ കുറിച്ച് കേട്ടത് കൊണ്ടാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓപ്പണ്‍ ബുക്ക് സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയ കാലത്താണ് പാവാട തുമ്പിലെഴുതിയ രണ്ടു കവികളുടെ പേരിനെ മുന്‍ നിര്‍ത്തി ഒരു കുട്ടിക്ക് ശാസന ഏല്‍ക്കേണ്ടി വരുന്നത്. ഒരാള്‍ ആദ്യം ചെയ്യുന്ന കുറ്റത്തിന് ശിക്ഷ വിധിക്കേണ്ടതില്ലെന്ന നിരീക്ഷണം ഇന്ത്യന്‍ നിയമ സംവിധാനം പോലും നടത്തിയപ്പോഴാണ് ഇതെന്നുമോര്‍ക്കണം. ചെറിയ കുറ്റങ്ങളെ മുന്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കൊടും കുറ്റവാളികളായി മുദ്ര കുത്തുന്ന അധ്യാപകരും അവരുടെ ശാസന കേട്ടയുടന്‍ റെയില്‍ പാളങ്ങളിലേക്കോടുന്ന വിദ്യാര്‍ത്ഥികളും തങ്ങളുടെ രീതികള്‍ മാറ്റാന്‍ ഇനി ഏതു കാലത്താണ് തയ്യാറാവുക?
വാല്‍ക്കഷ്ണം :സാംസ്കാരിക നായകരായി നടിക്കുകയും അന്യന്റെ കവിത കട്ട് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവര്‍ കോപ്പി അടിയുടെ പരിധിക്ക് അകത്തായിരിക്കുമെന്നും അറിയിക്കുന്നു.”