കാസര്‍കോട് : അന്തരിച്ച മുന്‍ ഡി സി സി പ്രസിഡണ്ടും കെ പി സി സി നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ കെ വെളുത്തമ്പുവിന്റെ മൃതദേഹം കാസര്‍കോട് ഡി സി സി ആസ്ഥാനമായ ജവഹര്‍ ഭവനില്‍ പൊതുദര്‍ശനത്തിനു വെച്ചു. നിരവധിപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കാസര്‍കോട്ടെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഡി സി സി ഓഫീസിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്, ഡി സി സി ഭാരവാഹികളായ പി കെ ഫൈസല്‍, അഡ്വ. കെ രാജേന്ദ്രന്, കെ പി പ്രകാശന്, പി എ അഷ്റഫ് അലി തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. തുടര്‍ന്ന് സ്വദേശമായ തൃക്കരിപ്പൂരിലേക്ക് മൃതദേഹം കൊണ്ടുപോയി. വൈകിട്ട് നാലോടെ തൃക്കരിപ്പൂരില്‍ സംസ്ക്കരിക്കും.
വ്യാഴാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെത്തുടര്‍ന്ന് മംഗ്ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെ മരണപ്പെടുകയായിരുന്നു.
കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്ക് പ്രസിഡണ്ട്, തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം കലശ മഹോത്സവ സമിതി രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അവിഭക്ത കണ്ണൂര്‍ ഡി.സി.സി. ട്രഷററും എട്ടു വര്‍ഷത്തോളം കാസര്‍കോട് ഡി.സി.സി. പ്രസിഡണ്ടുമായിരുന്നു. ഏറെക്കാലം ഡി.സി.സി. വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. 57 വര്‍ഷക്കാലം കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1965 ലാണ് തൃക്കരിപ്പൂരിലെ പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായത്. സഹകരണ രംഗത്ത് ബഹുമുഖ പ്രതിഭയായിരുന്നു. ആദ്യം ഉദ്യോഗസ്ഥനായും പിന്നീട് സഹകാരിയായും സഹകരണ പ്രസ്ഥാനത്തിന് കരുത്തേകി.