റായ്പൂർ : മാസമുറ തീയതി വ്യക്തമാക്കാൻ ആവശ്യപ്പെട്ട് പൊലീസ് ട്രെയ്നിങ് ക്യാംപിൽ വനിത അംഗങ്ങൾക്ക് പീഡനം. ഛത്തീസ്ഗഢിലെ ഛങ്ഖൂരി ട്രെയ്നിങ് അക്കാഡമിയിലാണ് സംഭവം. ട്രെയ്നിങിനിടെ മാസമുറയിലുള്ള സ്ത്രീകളോട് ക്യൂവിൽ നിന്ന് മാറിനിൽക്കാനും ആവശ്യപ്പെട്ടതായി വിവരങ്ങളുണ്ട്. ട്രെയ്നിയായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരിശീലകൻ നീൽകാന്ത് സാഹുവിനെതിരെയാണ് വനിത അംഗങ്ങൾ പരാതി നൽകിയിരിക്കുന്നത്. പരിശീലനത്തിനിടെ മുടിപിടിച്ചു വലിക്കുക, തലയെണ്ണാനാണെന്നു പറഞ്ഞു നീന്തൽ കുളത്തിൽ നിന്ന് പുറത്തേക്ക് വരാൻ പറയുക ഉൾപ്പെടെയുള്ള ദ്രോഹങ്ങൾ ഇയാൾ ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇതൊക്കെ ദിവസേനയുള്ള ഉപദ്രവങ്ങളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. റൈഫിൾ പരിശീലനത്തിനിടെ ചൂരൽ കൊണ്ട് കുത്തി യൂണിഫോമിൽ പറ്റിയിരിക്കുന്ന ചെളി കളയാൻ ആവശ്യപ്പെടാറുണ്ടെന്നും പറയുന്നു.
ഓരോ അംഗങ്ങളും മാസമുറ തീയതി രജിസ്റ്ററിൽ കുറിക്കാൻ ഇയാൾ നിർദേശിച്ചിരുന്നുവെന്നും ഗർഭിണികളായ അംഗങ്ങളെ ഇയാൾ പരിഹസിക്കാറുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 32 അംഗങ്ങൾ ഒപ്പിട്ട പരാതി ഉന്നത ഉദ്യോഗസ്ഥർക്ക് ഇവർ കൈമാറിയിട്ടുണ്ട്. ഇയാൾ തങ്ങളെ ഉപദ്രവിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിനു പിന്നാലെ വനിത കമ്മിഷൻ അംഗങ്ങൾ അക്കാഡമിയിലെത്തി അംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
